Banner Ads

വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യപേപ്പർ: അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി, കുറ്റക്കാർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സ്കൂൾ ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന രീതിയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിനും കർശന നടപടിക്കും നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 6-ന് കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ ‘ഫ്രീഡം ക്വിസ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ ചോദ്യങ്ങൾ ഉയർന്നത്. ഈ മത്സരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയോ പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ടതല്ലെന്ന് മന്ത്രി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. വകുപ്പിന്റെയോ ക്ലബ്ബിന്റെയോ അനുമതിയില്ലാതെ പ്രാദേശികമായി തയാറാക്കിയ ചോദ്യപേപ്പറാണിതെന്നും, ചരിത്രസത്യങ്ങൾക്ക് നിരക്കാത്ത തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയവർക്കെതിരെ കർശന അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് വി.ഡി. സവർക്കറുടെ പേര് ഉത്തരമായി നൽകിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സംഭവത്തിൽ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.ഇ.ഒമാരോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ചോദ്യാവലിക്കെതിരെ എം.എസ്.എഫ് രംഗത്തെത്തുകയും ഡി.ഇ.ഒ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തുകയും ചെയ്തിട്ടുണ്ട്.