Banner Ads

പ്രക്ഷോഭം കത്തിപ്പടരുന്നു: ഡൽഹിയിൽ 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, ഇന്റർനെറ്റ് വിച്ഛേദിച്ചു; തലസ്ഥാനം നിശ്ചലാവസ്ഥയിൽ

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർമന്തറിൽ ശക്തി പ്രാപിക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. ജനജീവിതത്തെയും യാത്രകളെയും ബാധിക്കുന്ന രീതിയിൽ ഡൽഹിയിലെ ഏറ്റവും തിരക്കേറിയ 16 മെട്രോ സ്റ്റേഷനുകൾ അടിയന്തരമായി അടപ്പിച്ചു.

പൊതുജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തെ തടഞ്ഞും നഗരത്തെ നിശ്ചലമാക്കിയുമാണ് സർക്കാരിന്റെ ഈ പ്രതിരോധ നീക്കം. തിങ്കളാഴ്‌ച്ച നടന്ന യുവജനങ്ങളുടെ പാർലമെന്റ്‌ മാർച്ചിന്‌ മുന്നോടിയായി പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നത് തലസ്ഥാനത്ത് വൻ യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്.

ഇതിനുപുറമെ സെൻട്രൽ ഡൽഹി മേഖലകളിൽ അപ്രഖ്യാപിത ഇന്റർനെറ്റ്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ്‌ ബന്ധം പൂർണമായും വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. അടിച്ചമർത്തലുകൾക്കിടയിലും ജന്തർമന്തറിൽ പ്രതിഷേധം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. അതേസമയം വിഷയം പാർലമെന്റിലും സജീവമായി ഉയർത്തുകയാണ് പ്രതിപക്ഷം.

നീറ്റ് യുജി അടക്കമുള്ള മത്സരപരീക്ഷകളുടെ നടത്തിപ്പിലെ അഴിമതിയും, സമാധാനപരമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ ഡൽഹി പോലീസ് അഴിച്ചുവിട്ട ക്രൂരമായ മർദ്ദനവും സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി രാജ്യസഭാ ചെയർമാന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകി.