കൊച്ചി : നിവിൻ പോളിക്കെതിരായി ഉയർന്ന് വന്ന പീഡന ആരോപണത്തില്‍ പ്രതികരണം രേഖപ്പെടുത്തി നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പരാതിക്കാരി ഉന്നയിക്കുന്ന തീയതിയില്‍ നിവിൻ പോളി വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നുവെന്നാണ് നിർമാതാവ് വിശാഖ് പറയുന്നത്. വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ നിർമാതാവാണ് വിശാഖ് സുബ്രഹ്മണ്യം.
കൂടാതെ മെരിലാൻഡ് സിനിമാസിന്റെ ഉടമയും കൂടിയാണ് വിശാഖ്. ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’ എന്ന സിനിമയിലെ ഹിറ്റായ ഡയലോഗ് ഭാഗം ചിത്രീകരിച്ചത് പരാതിക്കാരി പറയുന്ന തീയതിയായ ഡിസംബർ 14-നാണ് എന്നാണ് വിശാഖ് പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിന് നിവിൻ ഡേറ്റ് നല്‍കിയത് ഡിസംബർ 1, 2, 3, 14 തുടങ്ങിയ 4 ദിവസങ്ങളിലാണ്.
നിവിൻ ഒപ്പിട്ട് നൽകിയ കരാറും തന്റെ കയിയ്യിലുണ്ടെന്നും വിശാഖ് പറയുന്നു. മൂന്നാർ ലൊക്കേഷനിലാണ് 1, 2, 3 തീയതികളില്‍ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഡിസംബർ 14-ാംതീയതി രാവിലെ 7.30 മുതല്‍ 15 വെളുപ്പിനെ 2.30 വരെ നിവിൻ എറണാകുളം ന്യൂക്ലിയസില്‍ ഉണ്ടായിരുന്നതായും വിശാഖ് വെളിപ്പെടുത്തി.
താനുൾപ്പെടെ 150 ജൂനിയർ ആർട്ടിസ്റ്റുകളും നിവിനെ കണ്ടിട്ടുണ്ടെന്നും സിനിമയിലെ ഒറ്റയ്ക്കു വഴിവെട്ടി വന്നവനാടാ എന്ന ഡയലോഗ് ക്രൗണ്‍ പ്ലാസയിലെ റൂമില്‍ അർധ രാത്രിയാണ് ചിത്രീകരിച്ചതെന്നും നിവിൻ അവിടെ ഉണ്ടോയിരുന്നോ എന്നും അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാൽ വ്യക്തമാകുമെന്നും വിശാഖ് കൂട്ടിച്ചേർത്തു.
നിവിന് മെരിലാൻഡ് നേരത്തെ പ്രതിഫലം കൊടുത്തിരുന്നു. നിവിന്റെ അസ്സിസ്റ്റന്റുകൾക്ക് തൊട്ടടുത്ത ദിവസം തന്നെ ബാറ്റ ബാങ്ക് ട്രാൻസ്‍ഫറും ചെയ്തിരുന്നു. 15-ാം തീയതി പുലർച്ചെ 2.30ന് ഷൂട്ടിങ് തീർന്ന ശേഷം എല്ലാവരും ഫോട്ടോയെടുത്താണ് അന്ന് പിരിഞ്ഞത്.
സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ലൊക്കേഷൻ ഫോട്ടോകളും എടുത്തിട്ടുണ്ട്, അവ വിലപ്പെട്ട തെളിവുകൾ നൽകുമെന്ന് വിശാഖ് വിശ്വസിക്കുന്നു. അന്വേഷണ സംഘം ഈ സാമഗ്രികൾ വിശദമായി പരിശോധിക്കുന്നത് സ്ഥിതിഗതികൾ വ്യക്തമാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.