Banner Ads

ആസൂത്രണ ബോർഡ് വിവാദ നിയമനം: പരീക്ഷാ രേഖകൾ 7 ദിവസത്തിനകം നൽകാൻ പിഎസ്‍സിക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സർവീസ് കമ്മീഷന് (PSC) കനത്ത തിരിച്ചടി. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ മുഴുവൻ രേഖകളും പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. പിഎസ്‍സിയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് ഈ നിർണായക ഉത്തരവ്.അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഏഴ് ദിവസത്തിനകം എല്ലാ വിവരങ്ങളും കൈമാറണം.

പരീക്ഷ എഴുതിയ മുഴുവൻ പേരുടെയും മാർക്ക് പട്ടിക, ഉത്തരക്കടലാസുകളുടെ പകർപ്പ്, അഭിമുഖത്തിൽ ലഭിച്ച മാർക്കിന്റെ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻപ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പിഎസ്‍സി ഈ രേഖകൾ നൽകാൻ തയ്യാറായിരുന്നില്ല. പരീക്ഷയിലെ 10 ചോദ്യങ്ങൾ പരിശോധിച്ചില്ലെന്ന ആക്ഷേപം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രേഖകൾ പൂർണ്ണമായി പുറത്തുവരുന്നതോടെ പരീക്ഷയിൽ കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നതിൽ വ്യക്തത വരും.