Banner Ads

കുടിവെള്ള പൈപ്പിടാൻ എടുത്ത കുഴി മൂടിയില്ല; സ്കൂട്ടർ തെന്നിവീണ് ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴി മൂടാതെ കിടന്ന റോഡിൽ സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡിലെ കോട്ടുവാലക്കാട് സ്വദേശിയും സി.ഐ.ടി.യു (CITU) ചുമട്ടുതൊഴിലാളിയുമായ കുന്നത്തേരി മുസ്തഫ (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെമ്മാട് – കക്കാട് റോഡിലെ ചന്തപ്പടിയിലായിരുന്നു അപകടം.

മകൻ ഷുഹൈബിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലെ കുഴിയിൽപ്പെട്ട് നിയന്ത്രണം വിട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

കുടിവെള്ള പദ്ധതിക്കായി റോഡ് കീറിയ ശേഷം പൂർവ്വസ്ഥിതിയിലാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഈ മേഖലയിൽ തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. അധികൃതരുടെ അനാസ്ഥയിലാണ് ഒരു ജീവൻ പൊലിഞ്ഞതെന്ന അമർഷത്തിലാണ് പ്രദേശവാസികൾ.