
കണ്ണൂർ: ആഭ്യന്തരമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായി പോസ്റ്റിടാൻ ഉപയോഗിച്ചെന്ന് കരുതുന്ന അർജുൻ ആയങ്കിയുടെ ഐഫോൺ പോലീസ് കണ്ടെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്ത അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്നാണ് സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ഫോൺ ലഭിച്ചത്. പുലർച്ചെ അതീവ രഹസ്യമായി നടത്തിയ തെളിവെടുപ്പിലാണ് കേസിൽ നിർണായകമായ ഈ തെളിവ് പോലീസ് ശേഖരിച്ചത്. ഫോൺ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
കണ്ണൂർ സൈബർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച അർജുൻ ആയങ്കി, ആഭ്യന്തരമന്ത്രിയെയും പോലീസിനെയും വെല്ലുവിളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് താൻ തന്നെയാണെന്ന് മൊഴി നൽകി. തന്റെ അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ലെന്നും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെയും സുഹൃത്തുക്കളുടെയും വൈഫൈ ഉപയോഗിച്ചാണ് ഐഫോണിലൂടെ ഫേസ്ബുക്ക് ഉപയോഗിച്ചതെന്നും ഇയാൾ വ്യക്തമാക്കി.
അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAPA) ചുമത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇയാളുടെ കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. റിപ്പോർട്ട് ഉടൻ തന്ന കണ്ണൂർ ജില്ലാ കളക്ടർക്ക് സമർപ്പിക്കും.