
പാലക്കാട്: വേനൽ ചൂട് രൂക്ഷമാകുന്നതിൽ ആശങ്ക. പാലക്കാട് ജില്ലയിൽ കഴിഞ്ഞ 2 ദിവസങ്ങളായി താപനില 40 ഡിഗ്രിയോടടുത്തു. തൽസ്ഥിതി തുടർന്നാൽ കാർഷിക മേഖലയും കുടിവെള്ള പദ്ധതികളും അവതാളത്തിലാകും. വരൾച്ചയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
മുൻ വർഷങ്ങളിലെ അപേക്ഷിച്ച് പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ പട്ടാമ്പി, തൃത്താല ഭാഗങ്ങളിൽ വേനൽ ചൂട് ക്രമാധീതമായി വർധിച്ചു. 40 ഡിഗ്രിക്ക് മുകളിലാണ് പലപ്പോഴും റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചക്ക് 2 മണിമുതൽ 4 മണിവരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ഈ സമയത്ത് വെയിൽ ഏൽക്കാതെ ശ്രദ്ധിക്കാൻ നിർദ്ദേശമുണ്ട്. വേനൽ ചൂട് കൂടിയതോടെ നിർമ്മാണമേഖല പോലെയുള്ള തൊഴിൽ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്. കാർഷിക മേഖലയിലും പ്രതിസന്ധി ആരംഭിച്ചിട്ടുണ്ട്.
മഴ മേഘങ്ങളുടെ സാന്നിധ്യമില്ലാത്തതും ചൂടു കൂടാൻ കാരണമാണ്. വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും മറ്റൊരു കാരണമാണ്. ഒരാഴ്ച കൂടി ഈ കാലാവസ്ഥ തുടരാനാണു സാധ്യതയെന്ന് വിദഗ്ദർ പറഞ്ഞു. കേരളമുൾപ്പെടെ ദക്ഷിണേന്ത്യയുടെ ഉച്ചിയിൽ സൂര്യൻ നിൽക്കുന്നതിനാൽ അൾട്രാ വയലറ്റ് രശ്മികൾ കൂടുതലാണ്.