Banner Ads

ചരക്ക് ലോറികളിൽ അമിതഭാരം: എറണാകുളത്ത് എം.വി.ഡി.യുടെ മിന്നൽ പരിശോധനയിൽ 48 വാഹനങ്ങൾക്ക് പണി കിട്ടി; 16.74 ലക്ഷം രൂപ പിഴ

കൊച്ചി: റോഡപകടങ്ങൾ തടയുന്നതിനും അമിത ഭാരം കയറ്റി സർവീസ് നടത്തുന്ന ചരക്ക് ലോറികളെ നിയന്ത്രിക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് എറണാകുളം ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 48 ലോറികൾക്കെതിരെ നടപടി. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ ഈ വാഹനങ്ങളിൽ നിന്നായി 16,74,000 രൂപയാണ് പിഴയായി ഈടാക്കിയത്.എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു ജില്ലയിലുടനീളം പരിശോധന നടന്നത്.

അങ്കമാലി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും മിന്നൽ പരിശോധന.അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റിയതും മറ്റ് ഗതാഗത നിയമങ്ങൾ ലംഘിച്ചതുമായ ലോറികൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചത്.വരും ദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധന കൂടുതൽ കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.