മൈസൂർ : രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്തമായ വിധത്തിലാണ് നവരാത്രി ആഘോഷിക്കുന്നത്. ദസറ അല്ലെങ്കില്‍ വിജയദശമി എന്നും അറിയപ്പെടുന്ന ഈ നാളുകള്‍ തിന്മയുടെ മേല്‍ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷമാണ്. ഓരോ ദസറക്കാലവും വിവിധ സമുദായങ്ങള്‍ ഒരുമയുടെയും ഐക്യത്തിന്റെയും ശക്തി ആഘോഷിക്കാൻ ഒരുമിച്ചു കൂടുന്ന സമയമാണ്.
അതുകൊണ്ടു തന്നെ വ്യത്യസ്തമായ രീതിയിലാണ് ആഘോഷങ്ങളും. അതിവിപുലമായാണ് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ദസറ ആഘോഷിക്കാറുള്ളത്. തെരുവുകളെല്ലാം സംഗീതവും നൃത്തവും കൊണ്ടു സജീവമാകുന്നു. മൈസൂരിലെ ദസറ ആഘോഷങ്ങള്‍ വളരെ പ്രസിദ്ധമായതാണ്.
അനവധി ആളുകളാണ് മൈസൂരിലെ ദസറ ആഘോഷത്തിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്നത്. അതിമനോഹരമായി അലങ്കരിച്ച ആനപ്പുറത്തിരിക്കുന്ന ചാമുണ്ഡേശ്വരി ദേവിയുടെ സങ്കീർണമായ അലങ്കരിച്ച വിഗ്രഹം വച്ചു കൊണ്ടുള്ള ഘോഷയാത്ര വളരെ പ്രസിദ്ധമാണ്. ഒപ്പം മനോഹരമായി അണിയിച്ചൊരുക്കിയ കൊട്ടാരവും ആഘോഷങ്ങളുടെ ഗാംഭീര്യം കൂട്ടുന്നു.
വർണങ്ങളുടെയും പ്രകാശത്തിന്റെയും ഉജ്വല ആഘോഷമാണ് ദസറ. വൈദ്യുതി ദീപാലങ്കാരത്താല്‍ മനോഹരമായ മൈസൂർ കൊട്ടാരത്തിന്റെ കാഴ്ച കണ്ണിന് കുളിർമയേകുന്നതാണ്. മൈസൂരു കൊട്ടാരം ദീപാലങ്കാര പ്രഭയിൽ തിളങ്ങി നില്‍ക്കുന്ന കാഴ്ച കാണാൻ നാടിൻറെ നാനാഭാഗങ്ങളില്‍ നിന്നുമാണ് ആളുകള്‍ എത്തുന്നത്.