Banner Ads

ബെംഗളൂരു സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ല; കാരണം വ്യക്തിവൈരാഗ്യം: ബോംബ് നിർമ്മിച്ചത് ചാറ്റ് ജിപിടിയുടെ സഹായത്തോടെയെന്ന് കണ്ടെത്തൽ

ബെംഗളൂരു: ദസറത്തലേന്ന് ബെംഗളൂരു നഗരത്തെ നടുക്കിയ പുലികേശി നഗർ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നിൽ ഭീകരാക്രമണ ഗൂഢാലോചനയില്ലെന്നും വ്യക്തിവൈരാഗ്യമാണ് സ്ഫോടനത്തിന് കാരണമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. കേസിൽ അസം സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സാഹിദ് ഉൾ ഹുസൈൻ ബാർബിയ (അസാം, ധീനത്പൂർ സ്വദേശി – മുഖ്യപ്രതി) സാജുദുൽ ഇസ്ലാം ലസ്കർ (ബന്ധു) ബുർഹാൻ അഹമ്മദ് ബാർബിയ (ബന്ധു),ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ അലാവുദ്ദീൻ എന്നയാളോട് മുഖ്യപ്രതി സാഹിദ് ഉൾ ഹുസൈനുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. അലാവുദ്ദീൻ ഇടപെട്ട് സാഹിദിന്റെ വിവാഹം മുടക്കിയതിലുള്ള വിരോധവും, ഇരുവരും തമ്മിൽ നാട്ടിലുണ്ടായിരുന്ന വസ്തു തർക്കവുമാണ് വൈരാഗ്യത്തിന് കാരണം.

ബന്ധുക്കളായ മറ്റ് രണ്ടുപേരെക്കൂടി കൂട്ടുപിടിച്ചാണ് സാഹിദ് അലാവുദ്ദീനെ അപായപ്പെടുത്താൻ പദ്ധതിയിട്ടത്.മറ്റ് സാങ്കേതിക സഹായങ്ങളൊന്നുമില്ലാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ചാറ്റ് ജിപിടിയുടെ (ChatGPT) സഹായത്തോടെയാണ് പ്രതികൾ ഐ.ഇ.ഡി നിർമ്മിച്ചതെന്ന വെളിപ്പെടുത്തൽ കർണാടക പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരു ടോർച്ചിനുള്ളിൽ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇവർ ഐ.ഇ.ഡി നിർമ്മിച്ചെടുത്തത്. തുടർന്ന് അസമിൽ നിന്നും ബസ് മാർഗ്ഗം ബെംഗളൂരുവിലെത്തിച്ച ശേഷമാണ് പുലികേശി നഗറിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് മുന്നിൽ കൊണ്ടുവെച്ച് സ്ഫോടനം നടത്തിയത്.

ദസറ ആഘോഷങ്ങൾക്ക് നഗരം ഒരുങ്ങുന്നതിനിടെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് മുന്നിൽ വലിയ ശബ്ദത്തോടെ ഐ.ഇ.ഡി പൊട്ടിത്തെറിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. തുടക്കത്തിൽ സംഭവം ഐ.ഇ.ഡി സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചതോടെ ഭീകരവിരുദ്ധ സേനയും (ATS), ദേശീയ അന്വേഷണ ഏജൻസിയും (NIA) അന്വേഷണത്തിനായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, കർണാടക പൊലീസിന്റെ ഊർജിതമായ അന്വേഷണത്തിനൊടുവിൽ വിരോധം തീർക്കാനായി അസം സ്വദേശികൾ നടത്തിയ ആസൂത്രിത നീക്കമാണിതെന്ന് തെളിയുകയായിരുന്നു.