Banner Ads

ഓണമെത്തിയിട്ടും കിറ്റുമില്ല അരിയുമില്ല; റേഷൻ കടകളിൽ വിതരണം മുടങ്ങിയതിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം : ഓണമെത്തിയിട്ടും റേഷൻ കടകൾ വഴി ലഭിക്കേണ്ട ഓണക്കിറ്റ് വിതരണം ആരംഭിക്കാത്തതിൽ വൻ പ്രതിഷേധം. ഓഗസ്റ്റ് ആദ്യവാരം തന്നെ കിറ്റ് വിതരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ റേഷൻ കടകളിൽ കിറ്റുകൾ എത്തിയിട്ടില്ല.

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സാധാരണക്കാർ വലിയ ആശങ്കയിലാണ്. മഞ്ഞ കാർഡ് ഉടമകൾക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റുകളുടെ വിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. എൽഡിഎഫ് ഭരണകാലത്ത് 68 ലക്ഷത്തോളം കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി അവശ്യസാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് ലഭ്യമാക്കിയിരുന്നു.

ഓഗസ്റ്റ് 10 മുതൽ വിതരണം ആരംഭിച്ചെന്ന പ്രചാരണങ്ങൾക്കിടയിലും സിവിൽ സപ്ലൈസിൽ നിന്നുള്ള കിറ്റുകളോ സ്പെഷ്യൽ അരിയോ റേഷൻ കടകളിൽ എത്തിയിട്ടില്ലെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറഞ്ഞു.

പ്രകൃതിദുരന്തങ്ങളുടെ സമയത്ത് പോലും മുടങ്ങാതെ നൽകിയിരുന്ന ഓണക്കിറ്റ് വൈകുന്നതിലും വിപണിയിലെ വിലക്കയറ്റത്തിനിടയിലും ഭക്ഷ്യസാധനങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് വിവിധ സംഘടനകൾ രംഗത്തെത്തി.