Banner Ads

പേരുമാറ്റത്തിന് പാഴ്ചെലവ് വേണ്ട; കേരളം എന്ന് മഷികൊണ്ട് തിരുത്താം: ചീഫ് സെക്രട്ടറിയുടെ സർക്കുലർ

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്ന് മാറ്റിയതിനെ തുടർന്ന് ഫയലുകളിലും ഓഫീസുകളിലും വരുത്തേണ്ട മാറ്റങ്ങളിൽ പാഴ്ചെലവുകൾ ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.

ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. നിലവിലുള്ള പേപ്പറോ ഫയലുകളോ വെറുതെ കളയേണ്ടതില്ലെന്നും ആവശ്യമായ ഇടങ്ങളിൽ മഷികൊണ്ട് തിരുത്തൽ വരുത്തി ഉപയോഗിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് തീരുന്നതുവരെ മഷികൊണ്ട് (ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും ചേർത്ത്) തിരുത്തി ഉപയോഗിക്കണം.

പേരുമാറ്റത്തിന്റെ പേരിൽ മാത്രം നിലവിലെ സ്റ്റോക്കുകൾ ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യരുത്. ഓഫീസുകളിലെ നെയിം ബോർഡുകളും ഫലകങ്ങളും പേരുമാറ്റത്തിനായി മാത്രം മാറ്റിസ്ഥാപിക്കേണ്ടതില്ല. ഇതിനായി മാത്രമായി പണം ചെലവഴിക്കരുതെന്നും നിർദ്ദേശമുണ്ട്.

നിലവിലുള്ള ഔദ്യോഗിക മുദ്രകളും റബർ സ്റ്റാമ്പുകളും സാധാരണ നിലയിൽ മാറ്റേണ്ട സാഹചര്യം വരുന്നത് വരെ തുടർന്നും ഉപയോഗിക്കാം. അടിയന്തരമായി പുതിയവ നിർമ്മിക്കുന്നതിന് പകരം പ്രായോഗികമായ സാഹചര്യങ്ങളിൽ മഷി ഉപയോഗിച്ച് തിരുത്തലുകൾ വരുത്താം.