
ദില്ലി : സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ പൂർണ്ണമായും പാലിക്കാമെന്ന് മെറ്റ സമ്മതിച്ചു. വ്യാജ വാർത്തകൾ, ഡീപ്പ് ഫേക്കുകൾ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ എന്നിവയടക്കമുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങൾ തടയാൻ കർശന നടപടിയെടുക്കണമെന്ന് കേന്ദ്രം ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മെറ്റയ്ക്ക് നിർദേശം നൽകിയിരുന്നു.
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കേസുകൾ രാജ്യത്തെ നിയമപാലക ഏജൻസികൾക്ക് അടിയന്തരമായി റിപ്പോർട്ട് ചെയ്യുമെന്ന് മെറ്റ ഉറപ്പുനൽകി. ആഗോള നയങ്ങൾക്ക് പകരം ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി അനുസരിച്ച് മാത്രമേ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനാകൂ എന്ന് സർക്കാർ വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും നിയമലംഘനം നടത്തുന്നതുമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഓർമിപ്പിച്ചു. കുറ്റകരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയുന്നതിനായി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായും കേന്ദ്ര സർക്കാർ ചർച്ചകൾ തുടർന്നു വരികയാണ്.