Banner Ads

മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ല; അസുഖത്തിലും നിലപാട് വ്യക്തമാക്കി സിജെപി നേതാവ് അഭിജിത്ത് ദീപ്കെ

ദില്ലി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ്. താൻ രോഗബാധിതനായെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നതുവരെ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു. അഭിജിത്ത് തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാൻ അസുഖബാധിതനാണ്.

ടൈഫോയ്ഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. രാവിലേയും വൈകീട്ടും ഡ്രിപ്പ് ഇടുന്നുണ്ട്. സമാധാനപരമായി പ്രതിഷേധം തുടരുന്ന എല്ലാ പാറ്റകൾക്കും നന്ദി അറിയിക്കുന്നു. വലിയ നന്ദിയും അഭിനന്ദനങ്ങളുമെന്നാണ് അഭിജിത്ത് വീഡിയോയിലൂടെ അറിയിച്ചത്.

അതേസമയം, കേന്ദ്ര മന്ത്രിക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം 35 ദിവസം പിന്നിടുമ്പോൾ ദില്ലി ജന്തർ മന്തറിലേക്ക് ജനപ്രവാഹം തുടരുകയാണ്. സമരം ശക്തമായതോടെ പ്രദേശം പൂർണ്ണമായും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡിഎംആർസി തുടർച്ചയായ മൂന്നാം ദിവസവും സമീപത്തുള്ള മെട്രോ സ്റ്റേഷൻ ഗേറ്റുകൾ കൂട്ടത്തോടെ അടച്ചിട്ടു. നിരോധനാജ്ഞ നിലനിൽക്കുന്ന മേഖലയിൽ ഓൺലൈൻ ടാക്സി സർവീസുകൾക്കും ഫുഡ് ഡെലിവറി ആപ്പുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ ഭാഗങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകി. ജവാഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമരത്തിൽ പങ്കെടുക്കുന്നത് തടയാനായി മുന്നറിയിപ്പ് പോസ്റ്ററുകൾ പുറത്തിറക്കി.