
മലപ്പുറം: സ്വന്തം വീട്ടിലേക്ക് സഞ്ചാരയോഗ്യമായ വഴി ലഭിക്കുന്നില്ലെന്നാരോപിച്ച് പഞ്ചായത്ത് ഓഫീസിലെത്തി പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് നാട്ടുകാരെയും അധികൃതരെയും മുൾമുനയിലാക്കിയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് ഈ രീതിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി പഞ്ചായത്ത് ഓഫീസിൽ നിരന്തരം കയറിയിറങ്ങുകയാണെന്ന് ഗോപാലനും കുടുംബവും പറയുന്നു.
വഴി ഉൾപ്പെടുന്ന ഭൂമി ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ നിലവിൽ നടപടിയെടുക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണമെന്നും കുടുംബം ആരോപിച്ചു.വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ വാഴക്കാട് പോലീസ് കുടുംബവുമായി ചർച്ച നടത്തി. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്താമെന്ന് പോലീസ് ഉറപ്പുനൽകിയതിനെ തുടർന്ന് ഇവർ പ്രതിഷേധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.