
ഇടുക്കി : സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധനകൾ നടത്തുന്നത്.
ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് സുരക്ഷാ പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി.
കോതമംഗലം സ്വദേശി ഡോ ജോ ജോസഫ് നൽകിയ ഹർജി പരിഗണിച്ച് 2022ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. അണക്കെട്ടിന്റെ ഘടന, അണക്കെട്ട് നിൽക്കുന്ന മേഖലയിലെ ഭൂകമ്പ സാധ്യതകൾ, ജലസംഭരണ ശേഷിയുമായി ബന്ധപ്പെട്ട സുരക്ഷ തുടങ്ങിയ ഘടകങ്ങൾ വിദഗ്ദ്ധ സമിതി വിശദമായി വിലയിരുത്തും.