Banner Ads

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്; 23 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷാ ഹാളുകളിലേക്ക്

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങൾക്കു പിന്നാലെ രാജ്യത്ത് കനത്ത സുരക്ഷയിൽ നീറ്റ് (NEET-UG) പുനഃപരീക്ഷ ഇന്ന് നടക്കും. രാജ്യത്തിനകത്തും പുറത്തുമായി 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകിട്ട് 5:15 വരെയാണ് പരീക്ഷാ സമയം. പരീക്ഷ സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അറിയിച്ചു.

ഇത്തവണയെങ്കിലും ക്രമക്കേടുകളില്ലാതെ പരീക്ഷ നടക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. സുരക്ഷയ്ക്കായി മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സജ്ജീകരണങ്ങളാണ് കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്.രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ആകെ 5,440 കേന്ദ്രങ്ങൾ.രണ്ടര ലക്ഷം സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെയും 15,000 അർദ്ധസൈനികരെയും സുരക്ഷയ്ക്കായി നിയോഗിച്ചു.

ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷയും നീക്കവും പൂർണ്ണമായും അർദ്ധസൈനിക വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ്. ഹൈടെക് കോപ്പിയടിയും ചോർച്ചയും തടയാൻ പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നര ലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞ തവണയുണ്ടായ വലിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, പൂർണ്ണമായ സുതാര്യത ഉറപ്പാക്കാനാണ് എൻ.ടി.എയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ഈ സുരക്ഷാ വലയം തീർത്തിരിക്കുന്നത്.