
മുംബൈ : നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുന്ന പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ.
ഡൽഹി ജന്തർ മന്തറിലും പാർലമെന്റിന് പുറത്തും കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭങ്ങളും നീറ്റ് വിരുദ്ധ സമരങ്ങളും മുംബൈയിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് വഞ്ചിത് ബഹുജൻ അഘാഡി പ്രഖ്യാപിച്ച ഹർത്താൽ മഹാരാഷ്ട്രയിൽ ആരംഭിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. സമരക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നീറ്റ് ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. സമരവേദിക്കും പാർലമെന്റ് പരിസരങ്ങൾക്കും ചുറ്റും കൂടുതൽ പോലീസ് സേനയെയും അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ പലയിടത്തും ഗതാഗത തടസ്സങ്ങളും മെട്രോ സ്റ്റേഷൻ അടച്ചിടൽ ഉൾപ്പെടെയുള്ള സുരക്ഷാ നിയന്ത്രണങ്ങളും തുടരുകയാണ്.