
കണ്ണൂർ: നീറ്റ് പരീക്ഷ അട്ടിമറിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷാവസ്ഥ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് ഇരച്ചുകയറി. വൻ പോലീസ് സന്നാഹത്തെ വെട്ടിച്ച് പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചതോടെ പ്രതിഷേധം ശക്തമായി.ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നാണ് പ്രവർത്തകർ അകത്തേക്ക് കയറിയത്.
ഓഫീസിന് മുൻവശം നിലയുറപ്പിച്ച പ്രവർത്തകർ കേന്ദ്ര സർക്കാരിനും എൻ.ടി.എ (NTA) യ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പ്രതിഷേധ മാർച്ച് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത തകർത്ത എൻ.ടി.എ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടി.പി. ആദർശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.പി. അഖില, കെ.കെ. ഗിരീഷ്, കെ.ടി. അലിഷ, വൈഷ്ണവ് ബാലൻ, അശ്വന്ത് മട്ടന്നൂർ തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.