Banner Ads

നവകേരള യാത്ര വിവാദം: SIT റിപ്പോർട്ട് ഇന്ന് സർക്കാർ പരിഗണനയ്ക്ക്

ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി രവാഡാ ചന്ദ്രശേഖർ ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പ് ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപി തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നാണ് SITയുടെ പ്രധാന കണ്ടെത്തൽ.അജിത് കുമാറിന്റെ ഇടപെടലിനെക്കുറിച്ച് ഉദ്യോഗസ്ഥർ നൽകിയ മൊഴികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്ന വിവരങ്ങളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി അറിയുന്നു. കേസ് ഡയറി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി തിരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ഈ വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് ശിക്ഷാനടപടി ശിപാർശ ചെയ്തിട്ടില്ലെങ്കിലും, ഡിജിപി രവാഡാ ചന്ദ്രശേഖർ റിപ്പോർട്ട് വിശദമായി പരിശോധിച്ചുവരികയാണ്.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാൽ വിഷയത്തിൽ ഡിജിപി റാങ്ക് ഉദ്യോഗസ്ഥനെ നിയോഗിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള സാധ്യതയും പരിഗണനയിലാണ്.റിപ്പോർട്ട് അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര വകുപ്പ് തീരുമാനമെടുക്കും. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസുമായി ബന്ധപ്പെട്ട് ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.