Banner Ads

80-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

ദില്ലി : 80-ാം സ്വാതന്ത്ര്യദിനത്തിൻ്റെ നിറവിലും ആവേശത്തിലുമാണ് രാജ്യം. ദില്ലി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു എന്ന പ്രത്യേകതയും ഇത്തവണത്തെ ചടങ്ങിനുണ്ടായിരുന്നു.

ധീര സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെയും പോരാട്ടങ്ങളെയും ആദരവോടെ സ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഓരോ പൗരൻ്റെയും മനസ്സിൽ വന്ദേമാതരം മുഴങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ നേട്ടങ്ങളും പുത്തൻ പ്രതീക്ഷകളുമായി രാജ്യം മുന്നേറുകയാണ്.

2047ഓടെ വികസിത ഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള യാത്രയിലാണ് ഇന്ത്യ. കഴിഞ്ഞ 12 വർഷത്തെ ദൃഢനിശ്ചയത്തോടെയുള്ള പ്രവർത്തനം മൂലം ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഇന്ത്യ ലോകശക്തിയായി മാറി. സാങ്കേതിക, ഡിജിറ്റൽ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്.

ഡിജിറ്റൽ ഇടപാടുകൾ പലമടങ്ങ് വർധിക്കുകയും ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം നാല് ഇരട്ടിയാവുകയും ചെയ്തു. ദാരിദ്ര്യനിർമ്മാർജ്ജനം എന്ന ലക്ഷ്യത്തിൽ രാജ്യം വലിയ വിജയം നേടി. കാലഹരണപ്പെട്ട നിയമങ്ങൾ എടുത്തുകളഞ്ഞ് നിയമവ്യവസ്ഥയെ കൂടുതൽ ശക്തവും സുതാര്യവുമാക്കി.

അടിസ്ഥാന സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞു. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കാൻ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്ത് മൂന്ന് സെമികണ്ടക്ടർ പ്ലാൻ്റുകൾ യാഥാർത്ഥ്യമാക്കാൻ സാധിച്ചു.