
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിച്ച് അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടന്നു. തെരച്ചിൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി നാലംഗ സ്കൂബ ഡൈവിംഗ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം നടന്ന പ്രദേശം കേന്ദ്രീകരിച്ചായിരിക്കും സ്കൂബ സംഘം പ്രധാനമായും പരിശോധന നടത്തുക.
അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വിദഗ്ധരായ സ്കൂബ സംഘത്തെ തെരച്ചിലിന് അയക്കാത്തതിൽ പ്രദേശവാസികളും ബന്ധുക്കളും കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര നടപടിയായി സ്കൂബ ടീമിനെ രംഗത്തിറക്കിയത്. ശനിയാഴ്ച രാവിലെ മുതൽ മേഖലയിൽ വിപുലമായ തെരച്ചിലാണ് നടക്കുന്നത്.
കോസ്റ്റൽ പോലീസ്, ഫിഷറീസ് പട്രോൾ ബോട്ട്, നാടൻ വള്ളങ്ങൾ, ലൈഫ് ഗാർഡുകൾ എന്നിവരുടെ നേതൃത്വത്തിൽ കടലിലും കായലിലും ഒരുപോലെ പരിശോധന പുരോഗമിക്കുകയാണ്. വ്യോമമാർഗമുള്ള നിരീക്ഷണത്തിനായി ഡ്രോൺ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും തെരച്ചിൽ സംഘത്തോടൊപ്പം സജീവമായി പങ്കാളികളാകുന്നുണ്ട്.