Banner Ads

വന്ദേമാതരം മുഴുവൻ പാടേണ്ടതുണ്ടോ? മറുപടിയുമായി ;ലോക് ഭവൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക് ഭവൻ. വിഷയത്തിൽ വകുപ്പുമന്ത്രിമാർ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നതിനിടെയാണ് ലോക് ഭവൻ്റെ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്.

സ്വാതന്ത്ര്യദിന പരിപാടികളിൽ വന്ദേമാതരം മുഴുവനായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര, വ്യവസായ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ലോക് ഭവൻ്റെ നിർദേശപ്രകാരമാണ് സർക്കുലർ ഇറക്കിയതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ഈ വാദമാണ് ഇപ്പോൾ ലോക് ഭവൻ തള്ളിയിരിക്കുന്നത്.

അതേസമയം, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ വിഭാഗം പുറപ്പെടുവിച്ച സർക്കുലറിൽ വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് യാതൊരു പരാമർശവുമില്ല. ദേശീയഗാനത്തെക്കുറിച്ച് മാത്രമാണ് അതിൽ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ, മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതും വലിയ രീതിയിൽ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.