Banner Ads

മെസ്സിയുടെ പേരിലെ കോടികളുടെ തട്ടിപ്പ്; ഇഡിക്ക് പിന്നാലെ അന്വേഷണവുമായി വിജിലൻസും

തിരുവനന്തപുരം : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാൻ വിജിലൻസും രംഗത്ത്. 26 കോടി രൂപയുടെ ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് ഉത്തരവിറക്കും.

മെസ്സിയെ എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് നടത്തിയ അനധികൃത പണമിടപാടിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ (ആർബിസി) എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഫെമ കേസ് എടുത്തതിന് പിന്നാലെയാണ് വിജിലൻസിന്റെ നിർണ്ണായക നീക്കം.

മെസ്സിയെ എത്തിക്കാനെന്ന വ്യാജേന ആർബിസി നടത്തിയ വിദേശ വിനിമയ ഇടപാടുകൾക്ക് ജിഎസ്ടി ഈടാക്കാതിരുന്നതിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കാഞ്ഞങ്ങാട്ടെ ജിഎസ്ടി ഇന്റലിജൻസ് ഓഫീസറാണ് നികുതിവെട്ടിപ്പ് ആദ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റുകയായിരുന്നു.

പിന്നീട് വന്ന ഇന്റലിജൻസ് ഓഫീസർ സ്പോൺസർമാർക്ക് പലതവണ നോട്ടീസ് അയച്ചെങ്കിലും കമ്പനി മറുപടി നൽകിയില്ല. നികുതി കുടിശ്ശിക ഈടാക്കുന്നതിൽ വീഴ്ചവരുത്തുകയും നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്ത കാഞ്ഞങ്ങാട് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ ചാർജ് മെമ്മോയും നോട്ടീസും നൽകിയിട്ടുണ്ട്.