Banner Ads

പ്രിയങ്ക ഗാന്ധി എം.പി വെള്ളിയാഴ്ച വയനാട്ടിലെത്തും; കള്ളാടി മണ്ണിടിച്ചിൽ പ്രദേശം സന്ദർശിക്കും

കൽപ്പറ്റ: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശവും അപകടത്തിൽ പരിക്കേറ്റവരെയും സന്ദർശിക്കുന്നതിനായി പ്രിയങ്ക ഗാന്ധി എം.പി വെള്ളിയാഴ്ച വയനാട്ടിലെത്തും. അപകടം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം.പി രാഹുൽ ഗാന്ധിയോ നിലവിലെ എം.പി പ്രിയങ്ക ഗാന്ധിയോ പ്രദേശം സന്ദർശിച്ചില്ലെന്ന് ബി.ജെ.പി രൂക്ഷമായി വിമർശിച്ചിരുന്നു. ഇരുവരും തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്നവരാണെന്നായിരുന്നു ആരോപണം.

കള്ളാടി ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും, കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും.പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും.

ജൂലൈ 8-ന് രാവിലെ പതിനൊന്നരയോടെയാണ് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുള്ള മീനാക്ഷി പാലത്തിനടുത്ത് മണ്ണിടിച്ചിലുണ്ടായത്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലാണ് ദുരന്തം സംഭവിച്ചത്. നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയുള്ളവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.