
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ലൈസൻസിക്കെതിരെ പോലീസ് കേസെടുത്ത നടപടി പൂരം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു. ചർച്ചകൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് കേസെടുത്തത് ബോധപൂർവമായ വേട്ടയാടലാണെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പൂരത്തിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്താൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ചർച്ചകൾക്ക് മുൻപ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ്.നിയമപരമായ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നിരിക്കെ, ലൈസൻസിക്കെതിരെ ക്രിമിനൽ നടപടികളിലേക്ക് നീങ്ങുന്നത് ദേവസ്വത്തെ സമ്മർദ്ദത്തിലാക്കാനാണ്.സാഹചര്യങ്ങൾ പരിഗണിച്ച് സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാൻ തയ്യാറായേക്കാം.
എന്നാൽ പൂരത്തിന്റെ അവിഭാജ്യ ഘടകമായ പ്രധാന രണ്ട് വെടിക്കെട്ടുകളും മാറ്റമില്ലാതെ നടത്തണമെന്ന നിലപാടിൽ ദേവസ്വം ഉറച്ചുനിൽക്കുന്നു.”ദേവസ്വം ഭാരവാഹികൾ കേവലം വ്യക്തികളല്ല, മറിച്ച് പൂരത്തെ സ്നേഹിക്കുന്ന ദേശക്കാരുടെ പ്രതിനിധികളാണ്. വെടിക്കെട്ട് പൂർണ്ണതോതിൽ നടത്തണമെന്നതാണ് നാട്ടുകാരുടെ പൊതുവികാരം. ഈ വികാരം യോഗത്തിൽ ശക്തമായി അറിയിക്കും.
” വെടിക്കെട്ട് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, ദേവസ്വം സ്വീകരിക്കുന്ന ഈ കടുത്ത നിലപാട് വരും ദിവസങ്ങളിൽ നിർണ്ണായകമാകും. വരാനിരിക്കുന്ന യോഗങ്ങളിൽ ദേശത്തിന്റെ വികാരം പരിഗണിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഭാരവാഹികളുടെ തീരുമാനം.