
കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (MVD). കൊട്ടാരക്കര – കൊല്ലം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവറായ അഭിജിത്തിനെതിരെയാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ നടപടി തുടങ്ങിയത്. ഇന്ന് തന്നെ കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഡ്രൈവർക്ക് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.കെ. ദിലു നിർദ്ദേശം നൽകി.
കഴിഞ്ഞ ജൂൺ 18-ന് രാവിലെ ആറ് മണിയോടെയായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്.ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ അതീവ ശ്രദ്ധയോടെ ഫോണിൽ റീൽസ് കാണുന്നത് ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അശ്രദ്ധമായി വാഹനമോടിച്ച ഈ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് അടിയന്തരമായി ഇടപെട്ടത്.
പ്രതീക്ഷിക്കുന്ന നടപടികൾ യാത്രക്കാരൻ നൽകിയ ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഡ്രൈവറോട് നേരിട്ട് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്. ഇന്ന് നടക്കുന്ന ഹിയറിങ്ങിന് ശേഷം കുറ്റം തെളിയിക്കപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.