
ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രസവിച്ച കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് 19 വയസ്സുകാരിയായ അമ്മ നിലപാട് സ്വീകരിച്ചു.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും തയ്യാറാകുന്നില്ലെന്നാണ് വിവരം. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും. നിയമപ്രകാരം രണ്ടുമാസത്തെ പരിപാലന കാലാവധിക്ക് ഉള്ളിൽ അമ്മയ്ക്ക് മനംമാറ്റമുണ്ടായാൽ കുഞ്ഞിനെ തിരികെ വിട്ടുനൽകും.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കടുത്ത വയറുവേദനയെന്ന് പറഞ്ഞ് പത്തൊൻപതുകാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർമാർക്ക് ഗർഭിണിയാണെന്ന സംശയം തോന്നിയെങ്കിലും യുവതി ഇത് നിഷേധിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറിയ യുവതി പ്രസവിക്കുകയായിരുന്നു.
കുഞ്ഞിന്റെ പൊക്കിൾക്കൊടി സ്വയം കൈകൊണ്ട് മുറിച്ചുമാറ്റിയ ശേഷം ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തെ കാട്ടുപൊന്തയിലേക്ക് വലിച്ചെറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ വിദഗ്ധ പരിചരണത്തിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ എഫ്ഐആർ.
യുവതിക്കെതിരെ വധശ്രമത്തിന് ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി അവധിക്ക് മാത്രമാണ് നാട്ടിൽ വരാറുള്ളത്. മകൾ ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കാമുകനിൽ നിന്നാണ് താൻ ഗർഭിണിയായതെന്നും എന്നാൽ പിന്നീട് ഇയാളുമായി അകന്നുവെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.