
കണ്ണൂർ : തനിക്കെതിരെ ചില മാധ്യമങ്ങൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പികെ ശ്രീമതി ടീച്ചർ. ജനം ടിവി, ഭാരത് ലൈവ്, കർമ്മ ന്യൂസ് തുടങ്ങിയ ഓൺലൈൻ-ദൃശ്യ മാധ്യമങ്ങളും കണ്ണൂരിലെ ഒരു സായാഹ്ന ദിനപത്രവുമാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്ത നൽകിയതെന്ന് പികെ ശ്രീമതി പറഞ്ഞു.
ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് സ്പീക്കറെയും സഭയെയും തെറ്റിദ്ധരിപ്പിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്ന അസംബന്ധമായ പ്രചാരണമാണ് ചില മാധ്യമങ്ങൾ അഴിച്ചുവിട്ടത്. ഇതിനെതിരെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, നിയമസഭാ സ്പീക്കർ, ഡിജിപി എന്നിവർക്ക് പരാതി നൽകുമെന്നും ശ്രീമതി ടീച്ചർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അരനൂറ്റാണ്ടിലേറെക്കാലമായി താൻ പൊതുപ്രവർത്തന രംഗത്തുണ്ട്. സമൂഹത്തിൽ തന്നെയും താൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെയും മാനഹാനിപ്പെടുത്തുക എന്ന ദുരുദ്ദേശത്തോടെയാണ് ഇത്തരം പ്രചാരണങ്ങൾ. വാർത്ത നൽകുന്നതിന് മുൻപ് തന്നോട് ഒരു വാക്ക് പോലും ചോദിക്കാൻ ഈ മാധ്യമങ്ങൾ തയ്യാറായില്ലെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എം എൽ എ മാർക്കും ആശ്രിതർക്കുമുള്ള പെൻഷനുമായി ബന്ധപ്പെട്ടുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് തനിക്കെതിരെയും ആരോപണങ്ങൾ ഉയർത്തിയതെന്നും നിയമപോരാട്ടത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും പികെ ശ്രീമതി ടീച്ചർ കൂട്ടിച്ചേർത്തു.