Banner Ads

ആർത്തവ അവധിയും സൗജന്യ കെ.എസ്.ആർ.ടി.സി യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വൻ ജനപ്രിയ പ്രഖ്യാപനങ്ങൾ. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ച ഗവർണർ, പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റുമെന്നും ‘ക്ലീൻ ഗവേണൻസ്’ ആണ് സർക്കാരിന്റെ മുദ്രാവാക്യമെന്നും പ്രഖ്യാപിച്ചു.

സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. പൊതു-സ്വകാര്യ മേഖലകളിൽ സ്ത്രീകൾക്ക് ആറുമാസം വരെ പ്രസവ അവധി ഉറപ്പാക്കും. കെ.എസ്.ആർ.ടി.സി ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കും. സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ സർക്കാർ ഉടൻ ധവളപത്രം പുറത്തിറക്കും.സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാൻ എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ച് സമഗ്ര പദ്ധതി നടപ്പാക്കും.

ഓൺലൈൻ ലഹരി ശൃംഖലകൾ തടയുകയും ലഹരിക്കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യും. പുതിയ എക്സൈസ് നയവും പ്രഖ്യാപിക്കും.മലബാർ മേഖലയിലടക്കം പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും. സംസ്ഥാനത്ത് പുതിയ സംയോജിത ഗതാഗത സംവിധാനം നടപ്പിലാക്കും.യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്ക പങ്കുവെച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ഭരണസംവിധാനത്തിന് സുതാര്യതയും വേഗതയും ഉറപ്പാക്കി ‘പുതുയുഗ കേരളത്തിനായുള്ള’ പരിശ്രമങ്ങൾ നടത്തും.

കേരളത്തിലെ പോലീസ് സംവിധാനം ആധുനികവത്കരിക്കും. കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കി ആരോഗ്യമേഖല ശക്തിപ്പെടുത്തും.കൃഷിയെ ലാഭകരമായ തൊഴിൽമേഖലയാക്കി മാറ്റുമെന്നും, കേരളത്തെ അനാഥരില്ലാത്ത സംസ്ഥാനമാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. കൂടാതെ ടൂറിസം മേഖലയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്തിന്റെ ജലനയം പരിഷ്കരിക്കുകയും ചെയ്യും.കേന്ദ്ര സർക്കാരുമായി ക്രിയാത്മകമായ ഇടപെടലുകൾ നടത്താനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.