
ന്യൂഡൽഹി: ദില്ലി കേരള ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ മുൻകൂർ അനുമതിയില്ലാതെ കാണാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്കെതിരെ നടപടിയുമായി അധികൃതർ. റെസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദ്ദേശപ്രകാരം കേരള ഹൗസ് കൺട്രോളർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് (മെമോ) നൽകുകയും വിശദീകരണം തേടുകയും ചെയ്തു. എന്നാൽ, സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും ജീവനക്കാർക്കെതിരെ യാതൊരു തുടർനടപടിയും പാടില്ലെന്ന് റെസിഡന്റ് കമ്മീഷണർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിലേക്ക് മടങ്ങുന്നതിന് മുൻപ് കൊച്ചിൻ ഹൗസിലെ മുറിയിലെത്തി രണ്ട് ജീവനക്കാർ അദ്ദേഹത്തെ കണ്ടിരുന്നു. മുഖ്യമന്ത്രിക്കായുള്ള ഔദ്യോഗിക ചുമതലകളിലില്ലാത്ത സിബി ജോസ്, പി.സി. സുരേഷ് കുമാർ എന്നീ ജീവനക്കാരാണ് മുറിയിലെത്തി കണ്ടത്. സുരക്ഷയുടെയും തിരക്ക് നിയന്ത്രണത്തിന്റെയും ഭാഗമായി മുഖ്യമന്ത്രി എത്തുമ്പോൾ മുറിക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടരുതെന്ന നിലവിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കൺട്രോളർ ഇരുവർക്കും മെമോ നൽകിയത്. ലഭിച്ച നോട്ടീസിന് ജീവനക്കാർ ഇന്നലെ വിശദീകരണം നൽകിയിരുന്നു.
അതേസമയം, റെസിഡന്റ് കമ്മീഷണറുടെ നടപടിക്കെതിരെ കേരള ഹൗസ് ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. റെസിഡന്റ് കമ്മീഷണർ പുനീത് കുമാർ ജീവനക്കാർക്ക് വിരുദ്ധമായ നടപടികൾ സ്വീകരിക്കുന്നുവെന്ന പരാതി നേരത്തെ തന്നെ ഒരു വിഭാഗം ഉയർത്തിയിരുന്നു. കേരള ഹൗസിലെ സമൃദ്ധി ക്യാന്റീനിൽ നിന്നും ജീവനക്കാർക്ക് ഭക്ഷണം പാർസലായി വാങ്ങാനുള്ള സൗകര്യം റെസിഡന്റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അടുത്തിടെ നിർത്തലാക്കിയിരുന്നു. നിലവിൽ ക്യാന്റീനിൽ നേരിട്ടെത്തി തന്നെ ഭക്ഷണം കഴിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഇതിന് പിന്നാലെയുണ്ടായ മെമോ നടപടി ജീവനക്കാരുടെ അമർഷം വർദ്ധിപ്പിച്ചിട്ടുണ്ട്.