കിളിമാനൂർ : ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായ ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരൻ നമ്പൂതിരി(49)യാണ് മരിച്ചത്. സിലിൻഡറില്‍നിന്നുള്ള പാചകവാതകം ചോർന്നാണ് തീ പടർന്നത്.
ഒന്നാം തീയതി വൈകീട്ട് 6.15-നാണ് അപകടം സംഭവിക്കുന്നത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോർന്നതറിയാതെ വിളക്കുമായി അകത്തേക്ക് പ്രവേശിക്കുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. പാചകവാതകം ചോർന്നത് സിലിൻഡറിന്റെ വാല്‍വില്‍നിന്നാണ്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ ഉമാദേവി, മക്കള്‍ ആദിത്യ നാരായണൻ, നമ്പൂതിരി, ആരാധിക.