
നെടുമങ്ങാട്: നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിൽ നിന്ന് 25 പവൻ സ്വർണമാണ് മോഷ്ടാക്കൾ അപഹരിച്ചത്. വീട്ടുകാർ വിനോദയാത്രയ്ക്ക് പോയ സമയം നോക്കിയായിരുന്നു മോഷണം.ചുള്ളിമാനൂർ സ്വദേശി അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.
അകത്തു കയറി പരിശോധിച്ചപ്പോൾ ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു.മോഷണം നടത്തുന്നതിനിടെ വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകളും മോഷ്ടാക്കൾ തകർത്തിട്ടുണ്ട്. ദൃശ്യങ്ങൾ ലഭിക്കാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും മോഷ്ടാക്കൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.