
പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദിൻഷ (21) കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റിസപ്ഷനിൽ വച്ച് സംസാരിക്കുന്നതിനിടെ പ്രതിയായ ജിത്തു സജി ദിൻഷയെ കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തടയാൻ ശ്രമിച്ച മറ്റ് ജീവനക്കാരെ പ്രതി കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.മകൾക്ക് യുവാവുമായി പ്രണയബന്ധമുള്ളതായി തനിക്ക് അറിവില്ലായിരുന്നുവെന്ന് ദിൻഷയുടെ മാതാവ് ഷീജാ ബീവി പറഞ്ഞു.
“എല്ലാ കാര്യങ്ങളും മകൾ എന്നോട് പറയാറുണ്ടായിരുന്നെങ്കിലും ഈ പ്രണയബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. കമ്മൽ പണയം വച്ചാണ് കഴിഞ്ഞദിവസം ഗൂഗിൾ പേ വഴി ദിൻഷയ്ക്ക് പണം അയച്ചു നൽകിയത്. വീട്ടിലേക്ക് തിരികെ വരാനും ആവശ്യപ്പെട്ടിരുന്നു,” അവർ വിങ്ങിപ്പൊട്ടി.ഹൃദ്രോഗിയായ ഷീജ തൊഴിലുറപ്പ് തൊഴിലാളിയാണ്.
ദിൻഷയ്ക്ക് റിസോർട്ടിൽ ജോലി ലഭിച്ചതോടെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും എന്ന പ്രതീക്ഷയിലായിരുന്നു ഇവർ.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ ദിൻഷയുടെ മൃതദേഹം കുളത്തൂപ്പുഴ ടൗൺ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. പ്രതിയായ കോഴഞ്ചേരി കീഴുകര സ്വദേശി ജിത്തു സജിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.