Banner Ads

മ്യാൻമർ തീരത്ത് വൻ ദുരന്തം: റോഹിങ്ക്യൻ അഭയാർഥികളുടെ ബോട്ടുകൾ മുങ്ങി 500-ലധികം മരണം

യാങ്കൂൺ മ്യാൻമർ: മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി അഞ്ഞൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. പീഡനങ്ങളിൽ നിന്നും ആഭ്യന്തര കലാപങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകളാണ് കടലിൽ അപകടത്തിൽപ്പെട്ടത്.ജൂൺ അവസാനവാരത്തിലാണ് അന്താരാഷ്ട്ര സമൂഹത്തെ നടുക്കിയ ഈ വൻ ദുരന്തം ഉണ്ടായതെങ്കിലും, ഇപ്പോഴാണ് വിവരങ്ങൾ പുറംലോകമറിയുന്നത്.

അപകടത്തിൽപ്പെട്ട ബോട്ടുകളിലുണ്ടായിരുന്ന കുട്ടികളും സ്ത്രീകളുമടക്കം 500-ൽ പരം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.ജീവൻ രക്ഷിക്കാൻ അയൽരാജ്യങ്ങളിലേക്ക് സുരക്ഷിതമല്ലാത്ത സമുദ്രമാർഗ്ഗങ്ങളിലൂടെ പലായനം ചെയ്യാൻ ശ്രമിച്ചവരാണ് ഇരയായത്.മ്യാൻമറിലെ കടുത്ത നിയന്ത്രണങ്ങളും ആശയവിനിമയ തടസ്സങ്ങളും കാരണമാണ് ദുരന്തം നടന്ന് ആഴ്ചകൾക്ക് ശേഷം മാത്രം വിവരങ്ങൾ പുറത്തുവന്നത്.

മ്യാൻമറിലെ സൈനിക ഭരണകൂടത്തിന്റെ ക്രൂരതകളിൽ നിന്നും വംശീയ അതിക്രമങ്ങളിൽ നിന്നും രക്ഷപ്പെടാൻ റോഹിങ്ക്യൻ വിഭാഗങ്ങൾ വർഷങ്ങളായി സമുദ്രമാർഗ്ഗം മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് അപകടകരമായ രീതിയിൽ യാത്ര ചെയ്യാറുണ്ട്. ഇതിൽ ഭൂരിഭാഗം ബോട്ടുകളും ഉൾക്കൊള്ളാവുന്നതിലധികം ആളുകളെ കയറ്റുന്നതും മോശം കാലാവസ്ഥയുമാണ് ഇത്തരം വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്.