
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) വൻ സുരക്ഷാ വീഴ്ച. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ചോർന്നതായി കണ്ടെത്തി. ആകെ 3.75 ലക്ഷം (3,75,000) കസ്റ്റമർ റെക്കോർഡുകളാണ് ചോർന്നത്.
ഇതിൽ 3,897 റെക്കോർഡുകളിൽ ഉപഭോക്താക്കളെ നേരിട്ട് തിരിച്ചറിയാൻ സഹായിക്കുന്ന അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഉപഭോക്താക്കളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, മേൽവിലാസം, ഇമെയിൽ വിലാസം തുടങ്ങിയ സുപ്രധാന വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്.ഡിഫൻസ് സൈബർ ഏജൻസിയും കേന്ദ്ര സർക്കാരിന്റെ സൈബർ സുരക്ഷാ വിഭാഗമായ CERT-In (ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) ഉം നടത്തിയ പരിശോധനയിലാണ് വിവരച്ചോർച്ച കണ്ടെത്തിയത്.
ഒക്ടോബർ 16-നാണ് കേന്ദ്ര ഏജൻസികൾ ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബാങ്കിന് കൈമാറിയത്. തുടർന്ന് ബാങ്ക് അധികൃതർ വിവരം സെബി (SEBI) മുൻപാകെ വെളിപ്പെടുത്തി.സംഭവത്തിൽ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ചുവരികയാണെന്നും, വിവരച്ചോർച്ച സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.