
തിരുവനന്തപുരം: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ റേഷന്‍ വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭക്ഷ്യകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തില്‍ നടത്തിയ അടിയന്തര പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.ഗിരിജന്‍ സര്‍വീസ് സഹകരണ സംഘം ലൈസന്‍സിയായുള്ള സൊസൈറ്റിക്കുടി, വെള്ളവരക്കുടി റേഷന്‍ കടകളില്‍ 65 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിന്റെ കുറവ് കണ്ടെത്തി.
സൊസൈറ്റിക്കുടിയിലെ റേഷന്‍ കടയില്‍ ഭക്ഷ്യധാന്യം എത്തിയതിനോ വിതരണം ചെയ്തതിനോ ഉള്ള ഒരു രജിസ്റ്ററോ രേഖകളോ ഇല്ല. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കട പ്രവര്‍ത്തിക്കുന്നത്.ഫെബ്രുവരി മുതല്‍ പലര്‍ക്കും റേഷന്‍ കൃത്യമായി ലഭിക്കുന്നില്ല. സാധനമില്ലെന്ന് പറഞ്ഞ് ഗുണഭോക്താക്കള്‍ക്ക് ‘ടോക്കണ്‍’ നല്‍കി മടക്കി അയക്കുകയും പിന്നീട് കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞ് വിഹിതം നിഷേധിക്കുകയും ചെയ്യുന്ന നിയമവിരുദ്ധ പ്രവണത അവിടെ നിലനില്‍ക്കുന്നു.
വെള്ളാരക്കുടിയിലെ റേഷന്‍ ഡിപ്പോ പ്രവര്‍ത്തിക്കുന്നത് അതീവ ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിലാണ്.റേഷന്‍ വിതരണത്തില്‍ ഗുരുതര കൃത്യവിലോപം നടത്തിയ ലൈസന്‍സി അഖില്‍ ജോസിനെതിരെ യഥാസമയം നടപടിയെടുക്കുന്നതില്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ വിലയിരുത്തി.ലൈസന്‍സി അഖില്‍ ജോസിനെതിരെ അവശ്യ സാധന നിയമം, ഭാരതീയ നാഗരിക് സുരക്ഷ സംഹിത (BNSS) 2023 എന്നിവ പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.വീഴ്ച വരുത്തിയ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ സഞ്ജയ് നാഥ്. ആര്‍, റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍മാരായ ജയകുമാര്‍, ജെമി ജോസ് എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റേഷന്‍ ലഭിക്കാത്ത ഗുണഭോക്താക്കളെ അദാലത്തിലൂടെ കണ്ടെത്തി ഭക്ഷ്യ ഭദ്രതാ അലവന്‍സ് ലഭ്യമാക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.ഇടമലക്കുടിയില്‍ റേഷന്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ നേരിട്ട് ഇടപെടണം. പ്രദേശത്തെ ഭൂപ്രകൃതി പരിഗണിച്ച് സഞ്ചരിക്കുന്ന റേഷന്‍ കടയുടെസാധ്യത പരിശോധിച്ച് നടപ്പിലാക്കാനും കമ്മീഷന്‍ ഉത്തരവിട്ടു.ഭക്ഷ്യകമ്മീഷനോടൊപ്പം ദേവികുളം തഹസില്‍ദാര്‍ ജെ. ജയകൃഷ്ണന്‍, മൂന്നാര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിപ്‌സണ്‍ മാത്യു, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.