
തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (AMVI), വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകളിൽ ഇന്ന് മൂന്ന് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും. ഹൈക്കോടതി വിഷയം ഗൗരവമായി എടുത്തതോടെ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കാൻ പിഎസ്സി തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ പിഎസ്സി അംഗങ്ങളും തയ്യാറായേക്കുമെന്നാണ് വിവരം.പ്രമുഖ പിഎസ്സി കോച്ചിംഗ് സെന്റർ തയ്യാറാക്കിയ ചോദ്യങ്ങൾ അതേപടി ഔദ്യോഗിക ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.ഈ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെട്ടവരെല്ലാം ഫിഷറീസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ്.
ചോദ്യപേപ്പർ തയ്യാറാക്കിയതും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവ്വകലാശാലയിലെ അധ്യാപകരാണെന്നും, എസ്എഫ്ഐ പ്രവർത്തകർക്കും യൂണിയൻ നേതാക്കൾക്കുമായി ക്രമക്കേട് നടത്തിയെന്നും മറ്റ് ഉദ്യോഗാർത്ഥികൾ ശക്തമായ ആരോപണം ഉന്നയിക്കുന്നു.ആവശ്യമായ യോഗ്യതയില്ലാതിരുന്നിട്ടും പിഎസ്സിയിലെ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അനധികൃതമായി നിയമനം നൽകിയെന്ന ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്.
ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകളെ തുടർന്ന് അന്വേഷണവുമായി പിഎസ്സി സന്നദ്ധത പ്രകടിപ്പിച്ചതോടെ, തട്ടിപ്പിൽ ഉൾപ്പെട്ട ഉന്നതർ ഉടൻ നിയമത്തിന് മുന്നിൽ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.