Banner Ads

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

നിലവിലെ ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി (Depression) മാറാനും, തുടർന്ന് വടക്ക് – വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

ഇതിന് പുറമെ, മധ്യ കിഴക്കൻ അറബിക്കടലിലും സമീപ വടക്കൻ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇവയുടെയെല്ലാം സ്വാധീനഫലമായാണ് ചൊവ്വാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുള്ളത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.