
കോഴിക്കോട്: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കാണാതായ വടകര സ്വദേശി വിഷ്ണുവിനെ (25) എട്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു സഹയാത്രക്കാരന്റെ ഫോണിൽ നിന്നും സഹോദരനെ വിളിച്ചതോടെയാണ് കണ്ടെത്താനായത്.തിങ്കളാഴ്ച രാവിലെയാണ് വിഷ്ണു തന്റെ അനിയനായ അദ്വൈതിനെ ഫോണിൽ വിളിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികൾ ഉള്ളതിനാൽ താൻ നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് വിഷ്ണു അറിയിച്ചു. എന്നാൽ കുടുംബം നേരിടുന്ന കടുത്ത വിഷമവും പ്രതിസന്ധിയും സഹോദരൻ വിശദീകരിച്ചതോടെ വിഷ്ണു പയ്യന്നൂർ സ്റ്റേഷനിൽ ഇറങ്ങാൻ സമ്മതിക്കുകയായിരുന്നു. സി.ആർ.പി.എഫിൽ ജോലി ചെയ്യുന്ന വിഷ്ണുവിന്റെ അമ്മാവൻ പയ്യന്നൂരിലെത്തി ഇദ്ദേഹത്തെ കണ്ടു സംസാരിച്ചു.വിഷ്ണുവിനെ കണ്ടെത്താനായി ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് സംഘങ്ങൾ തിരച്ചിൽ നടത്തിവരികയായിരുന്നു.
കുടുംബാംഗങ്ങൾ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി. ഏറെ അവശനായ നിലയിലുള്ള വിഷ്ണുവിനെ ഉടൻ തന്നെ വടകര പൊലീസ് സ്റ്റേഷനിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക ബാധ്യതയും മാഫിയയുടെ ഭീഷണിയും മൂലം നാടുവിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
ലോൺ ആപ്പ് തട്ടിപ്പിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ സമ്മർദ്ദമുണ്ടോ എന്നും മറ്റ് സാമ്പത്തിക ഇടപാടുകൾ എന്തൊക്കെയാണെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.കുടുംബത്തിന്റെ പരാതിയിൽ വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിഷ്ണുവിനെ കണ്ടെത്തിയത് കുടുംബത്തിനും നാട്ടുകാർക്കും വലിയ ആശ്വാസമായിരിക്കുകയാണ്.