
തിരുവനന്തപുരം : കടുത്ത തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയിൽ അപ്രതീക്ഷിത സമവായ സൂചനകൾ പുറത്ത്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ടേം വ്യവസ്ഥ ഹൈക്കമാൻഡ് അംഗീകരിച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. വയനാട്ടിൽ നിന്നുള്ള ഐ സി ബാലകൃഷ്ണനും കെ എ തുളസിയും മന്ത്രിസ്ഥാനം പങ്കിടും.
തനിക്ക് ഇപ്പോഴും പൂർണ്ണ പ്രതീക്ഷയുണ്ടെന്ന് ഐസി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എഐസിസിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. പാർട്ടിയിലെ പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസ് നേതൃത്വം കൈവിടില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഐ സി ബാലകൃഷ്ണൻ പറഞ്ഞു. മന്ത്രിസഭയിൽ പട്ടികവർഗ്ഗ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി ഐസി ബാലകൃഷ്ണൻ നേരത്തെ തന്നെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
വയനാട് ജില്ലയിൽ നിന്നും എസ്‌ടി വിഭാഗത്തിൽ നിന്നുമുള്ള പ്രതിനിധിയെന്ന നിലയിൽ അദ്ദേഹത്തെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ചെന്നിത്തല പക്ഷം ശക്തമായി ഇടപെട്ടത്. രമേശ് ചെന്നിത്തലയുടെ പ്രത്യേക ഇടപെടലോടെ തർക്കങ്ങൾക്ക് ഭാഗികമായി പരിഹാരമായിട്ടുണ്ടെങ്കിലും ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ.