Banner Ads

സ്റ്റേഷനിലെ വീഴ്ച: ലോക്കപ്പ് പൂട്ടിയില്ല; കൊല്ലത്ത് മോഷണക്കേസ് പ്രതി ചാടിപ്പോയി

കൊല്ലം: കസ്റ്റഡിയിലെടുത്ത മോഷണക്കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട സ്വദേശി വൈജേഷാണ് (23) കുണ്ടറ പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് തുറന്ന് ഇറങ്ങിയോടിയത്. ഉദ്യോഗസ്ഥർ ലോക്കപ്പ് പൂട്ടാൻ മറന്നുപോയതാണ് പ്രതിക്ക് രക്ഷപ്പെടാൻ സൗകര്യമായത്.ബുധനാഴ്ച പുലർച്ചെ 1.30-ഓടെ പാറാവുകാരന്റെ കണ്ണ് വെട്ടിച്ചായിരുന്നു വൈജേഷിന്റെ നാടകീയമായ രക്ഷപ്പെടൽ.

ഡ്യൂട്ടിയിൽ ആളുകൾ കുറവായിരുന്നതും പ്രതിക്ക് അനുകൂലമായി. കുറച്ചു സമയം കഴിഞ്ഞ് പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം പോലീസുകാർ അറിയുന്നത്.രണ്ടു ദിവസം മുൻപ് നാന്തിരിക്കലിലെ ഒരു വീട്ടിൽ നിന്ന് വയറിങ് സാമഗ്രികൾ മോഷ്ടിക്കപ്പെട്ട കേസിലാണ് വൈജേഷ് പിടിയിലാകുന്നത്. വീട്ടുകാർ നടത്തിയ തിരച്ചിലിൽ, വയറിങ്-പ്ലംബിങ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ വൈജേഷ് പ്രാദേശിക പവർ ടൂൾസ് കടയിൽ നിന്ന് വാടകയ്ക്കെടുത്തതായി കണ്ടെത്തി.

തുടർന്ന് ചൊവ്വാഴ്ച രാത്രി ഉപകരണങ്ങൾ തിരികെ നൽകാൻ വൈജേഷ് എത്തിയപ്പോൾ വീട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ ലോക്കപ്പിൽ കയറ്റിയെങ്കിലും പൂട്ടാൻ പോലീസ് മറക്കുകയായിരുന്നു.സംഭവത്തിന് പിന്നാലെ വൈജേഷിനായി കുണ്ടറ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.