Banner Ads

കോഴിക്കോട് സ്വർണ്ണക്കവർച്ച; ബംഗാൾ സ്വദേശി സമീർ അറസ്റ്റിൽ

കോഴിക്കോട് : ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് 44 പവൻ സ്വർണ്ണവുമായി കടന്നുകളഞ്ഞ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ സമീർ ആണ് കോഴിക്കോട് ഫറോക്ക് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനായിരുന്നു ഇയാള്‍.

ഓഗസ്റ്റ് 25നാണ് സ്ഥാപനത്തിൽ നിന്ന് സ്വർണ്ണം കാണാതായത്. ആഭരണങ്ങൾ നിർമ്മിക്കുന്നതിനായി സ്ഥാപന ഉടമ ഏൽപ്പിച്ച 44 പവൻ സ്വർണ്ണവുമായാണ് ഇയാൾ ഒളിവിൽ പോയത്. മോഷണത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി സ്വന്തം നാട്ടിലുണ്ടെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് സംഘം ബംഗാളിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.