
ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനപങ്കാളിത്തമുള്ളതുമായ ഇളനീർവെപ്പ് ചടങ്ങുകൾ ഇന്ന് (ഞായറാഴ്ച) നടക്കും. ആചാരപരമായ ചടങ്ങുകളോടെ പെരുമാൾക്ക് ഇളനീരഭിഷേകം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് കൊട്ടിയൂർ സന്നിധാനം.
വിവിധ മഠങ്ങളിൽ നിന്നും ദൂരദേശങ്ങളിൽ നിന്നും ദിവസങ്ങളോളം കാൽനടയായി ഇളനീർക്കാവുകളേന്തി എത്തിയ നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ബാവലി പുഴക്കരയിൽ ഇളനീർവെപ്പിനുള്ള പുണ്യമുഹൂർത്തവും കാത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും എരുവട്ടി തണ്ടയാൻ ഇളനീരും എള്ളെണ്ണയുമായി ഞായറാഴ്ച വൈകുന്നേരത്തോടെ കൊട്ടിയൂരിൽ എത്തും. തുടർന്ന് ക്ഷേത്രത്തിലെ രാത്രിപൂജയും ശ്രീഭൂതബലിയും കഴിഞ്ഞ ശേഷമാണ് ചടങ്ങുകളിലേക്ക് കടക്കുക.
കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിച്ച് ഇളനീർവെപ്പിനുള്ള വേദിയൊരുക്കും. വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വീരഭദ്ര വേഷമണിഞ്ഞ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നള്ളുകയും ഒറ്റയ്ക്കാലിൽ നിലയുറപ്പിക്കുകയും ചെയ്യും.
കുടിപതി കാരണവർ വെള്ളിക്കിടാരം (വെള്ളിപ്പാത്രം) വെച്ച് രാശി വിളിക്കുന്നതോടെയാണ് കാത്തിരുന്ന ഇളനീർവെപ്പ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. രാശി വിളി കേൾക്കുന്നതോടെ ഭക്തർ ബാവലിപ്പുഴയിൽ ഇളനീർക്കാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തും.
സ്വയംഭൂ വിഗ്രഹത്തിന് മുന്നിൽ മൂന്ന് വലം വെച്ച ശേഷമാണ് ഇളനീർക്കാവുകൾ പെരുമാൾക്ക് സമർപ്പിക്കുക. ഇളനീർവെപ്പിനൊപ്പം എരുവട്ടി തണ്ടയാൻ സമർപ്പിക്കുന്ന ഒരുകുടം എള്ളെണ്ണയോടെയാണ് വഴിപാടുകൾ പൂർത്തിയാകുന്നത്. ഏറ്റവും ഒടുവിലാണ് എണ്ണ സമർപ്പണം. തണ്ടയാന്മാർ ഇളനീർ ചെത്തുന്നതിനുള്ള കത്തികളും എത്തിക്കും.