Banner Ads

അടുക്കള ബജറ്റ് താളം തെറ്റുന്നു: ചെറിയ ഉള്ളി വില ഇരട്ടിയിലധികം കുതിച്ചുയർന്നു; സവാളയ്ക്കും വെളുത്തുള്ളിക്കും പൊള്ളുന്ന വില

കോട്ടയം : സംസ്ഥാനത്തെ പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചെറിയ ഉള്ളിയുടെ വിലയിൽ ഇരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെറിയ ഉള്ളിക്ക് പുറമെ സവാള, വെളുത്തുള്ളി എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്.

നിത്യോപയോഗ സാധനങ്ങളുടെ അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരായ ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായ മേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലെ ഓണക്കാലത്ത് കിലോയ്ക്ക് 60 മുതൽ 70 രൂപ വരെ മാത്രമുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോൾ സംസ്ഥാനത്തെ പല വിപണികളിലും 140 മുതൽ 150 രൂപ വരെയാണ് വില.

വെറും ഒരാഴ്ച കൊണ്ടാണ് വിലയിൽ ഇത്രയും വലിയ കുതിച്ചുചാട്ടമുണ്ടായത്. സവാളയുടെ വിലയിലും സമാനമായ വർധനവുണ്ട്. നേരത്തെ കിലോയ്ക്ക് 25 മുതൽ 40 രൂപ വരെ ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോൾ 60 മുതൽ 70 രൂപ വരെയാണ് ചില്ലറ വിപണിയിലെ നിരക്ക്. കോട്ടയം വിപണിയിൽ ഇന്നലെ 60 രൂപയായിരുന്നു സവാളയുടെ വില.

വെളുത്തുള്ളി വിലയും സാധാരണക്കാർക്ക് താങ്ങാനാവാത്ത നിലയിലേക്ക് ഉയർന്നിട്ടുണ്ട്. കിലോയ്ക്ക് 250 മുതൽ 280 രൂപ വരെയാണ് നിലവിലെ വെളുത്തുള്ളി വില. അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഈ മൂന്ന് ചേരുവകൾക്കും ഒരേസമയം വില ഉയർന്നത് വീട്ടമ്മമാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുവരവ് ഗണ്യമായി കുറഞ്ഞതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി മേഖലയിൽ നിന്നാണ് സാധാരണയായി കേരളത്തിലേക്ക് ചെറിയ ഉള്ളി പ്രധാനമായും എത്തുന്നത്. എന്നാൽ അവിടെ മഴ ശക്തമായതും ഇത് വിളവെടുപ്പിനെ സാരമായി ബാധിച്ചതും വിപണിക്ക് വലിയ തിരിച്ചടിയായി.

ഉത്പാദനം കുറഞ്ഞതും ചരക്ക് നീക്കം തടസ്സപ്പെട്ടതും വില കുത്തനെ കൂടാൻ ഇടയാക്കി. ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി മഹാരാഷ്ട്രയിൽ നിന്ന് ആവശ്യത്തിന് ചെറിയ ഉള്ളിയും സവാളയും എത്തിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി ഓണക്കാലത്ത് വില ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ സാധിച്ചിരുന്നു.

എന്നാൽ ഓണക്കാലം കഴിഞ്ഞതോടെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിപണി ഇടപെടലുകൾ നിലച്ച മട്ടാണെന്ന് ഉപഭോക്താക്കളും വ്യാപാരികളും ഒരുപോലെ പരാതിപ്പെടുന്നു. ഇതോടെയാണ് വിപണിയിൽ വില വീണ്ടും കുതിച്ചുയരാൻ തുടങ്ങിയത്. ഉള്ളിക്കും സവാളയ്ക്കും പുറമെ പച്ചക്കറി വിപണിയിലും വിലക്കയറ്റം രൂക്ഷമാണ്.

നിത്യോപയോഗ പച്ചക്കറികളായ കാരറ്റ്, പയർ, ബീൻസ്, മുരിങ്ങയ്ക്ക എന്നിവയുടെ വിലയിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മഴക്കാലവും കൃഷിനാശവും തന്നെയാണ് പച്ചക്കറികളുടെ വരവ് കുറയാനും വില കൂടാനും കാരണമായി പറയുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വില ഒരേസമയം കുതിച്ചുയർന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് പൂർണ്ണമായും താളം തെറ്റുന്ന അവസ്ഥയിലാണുള്ളത്.

വിപണിയിലെ കൃത്രിമ വിലക്കയറ്റം തടയുന്നതിനും പൂഴ്ത്തിവെപ്പ് ഒഴിവാക്കുന്നതിനുമായി സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. സപ്ലൈകോ, ഹോർട്ടികോർപ്പ് എന്നിവ വഴി കൂടുതൽ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കി വിപണിയിൽ ശക്തമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.