Banner Ads

ആറളം ഫാമിൽ വീണ്ടും രാജവെമ്പാല; ജനവാസ മേഖലയിൽ പരിഭ്രാന്തി.

കണ്ണൂർ: ഇരിട്ടി ആറളം ഫാമിൽ വീണ്ടും രാജവെമ്പാലയെ പിടികൂടി. ഫാമിന്റെ ആറാം വാർഡിലെ പതിമൂന്നാം ബ്ലോക്കിൽ താമസിക്കുന്ന തങ്കയുടെ വീടിന് സമീപത്താണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ കണ്ടത്. ജനവാസ മേഖലയിൽ പാമ്പിനെ കണ്ടതോടെ പ്രദേശവാസികൾ വലിയ പരിഭ്രാന്തിയിലായി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പാമ്പ് പിടുത്ത വിദഗ്ധനായ ഫൈസൽ വിളക്കോടിനെ വിവരം അറിയിക്കുകയും ചെയ്തു. ഫൈസൽ സ്ഥലത്തെത്തി അതീവ ജാഗ്രതയോടെ പാമ്പിനെ സുരക്ഷിതമായി പിടികൂടി. മാസങ്ങൾക്ക് മുൻപും ആറളം ഫാമിൽ നിന്ന് ഫൈസൽ രാജവെമ്പാലയെ പിടികൂടിയിരുന്നു.

പിടികൂടിയ പാമ്പിനെ ഉടൻ തന്നെ വനംവകുപ്പിന്റെ മേൽനോട്ടത്തിൽ അനുയോജ്യമായ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുമെന്ന് ഫൈസൽ വിളക്കോട് അറിയിച്ചു. ആറളം ഫാം മേഖലയിൽ വന്യമൃഗങ്ങളുടെയും പാമ്പുകളുടെയും ശല്യം വർധിച്ചുവരുന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.