Banner Ads

500 മെഗാവാട്ട് അധിക വൈദ്യുതി വേണം; കേന്ദ്രത്തോട് സഹായ പാക്കേജ് ആവശ്യപ്പെട്ട് കേരളം

ദില്ലി : സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഗണിച്ച് 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ദില്ലിയിൽ നടന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി സണ്ണി ജോസഫാണ് കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചത്.

500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കുന്നതിനൊപ്പം നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മെയ് വരെ നീട്ടി നൽകണം. സംസ്ഥാനത്തെ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾക്കായി 360 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിക്കണം.

സംസ്ഥാനത്തെ 33115 അങ്കണവാടികളെ ഊർജ്ജക്ഷമമാക്കുന്നതിനുള്ള അങ്കൺ ജ്യോതി പദ്ധതിക്ക് 1024 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകണം. കെഎസ്ഇബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ വ്യവസ്ഥ പിൻവലിക്കണമെന്നും മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.