
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി (NDSA) രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതി പുനഃസംഘടിപ്പിച്ചു. സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായിരുന്ന മുൻ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനെ ഏകപക്ഷീയമായി മാറ്റിക്കൊണ്ടാണ് കേന്ദ്ര ഉത്തരവ് പുറത്തിറങ്ങിയത്.
വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞതാണെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും ഈ നീക്കം കേരളത്തിന് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.ടി.കെ. ശിവരാജന് പകരം ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ. എം.എൽ. ശർമ്മയെ സമിതിയിൽ നിയമിച്ചു. ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ‘ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ്’ മേധാവിയുമാണ് അദ്ദേഹം.
അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി 6-നാണ് ആദ്യ സമിതി രൂപീകരിച്ചത്.ബൽരാജ് ജോഷി (ചെയർമാൻ), ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ. ശിവകുമാർ, പ്രൊഫ. എം.എൽ. ശർമ്മ (പുതിയ അംഗം).അംഗത്തെ മാറ്റിയതൊഴിച്ചാൽ ജനുവരി 6-ലെ ഉത്തരവിലെ മറ്റ് നിബന്ധനകളിലോ വ്യവസ്ഥകളിലോ മാറ്റമില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ പകർപ്പുകൾ കേരള അഡീഷണൽ ചീഫ് സെക്രട്ടറിക്കും തമിഴ്നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.