
കൊച്ചി: റോഡ് സുരക്ഷ വലിയൊരു മിഷൻ ആണെന്നും കേരളത്തിന് മികച്ചൊരു റോഡ് സംസ്കാരം ആവശ്യമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. എറണാകുളം ടൗൺ ഹാളിൽ റോഡ് സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘ജീവ-സുയാത്ര’ മിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ അശ്രദ്ധയോടെ വണ്ടിയോടിക്കുന്നവർ പോലും ഗൾഫിൽ എത്തുമ്പോൾ അതീവ ശ്രദ്ധയോടെയാണ് വാഹനം ഓടിക്കുന്നത്.
അറബികൾ പോലും അത്ര നന്നായി അവിടെ വണ്ടി ഓടിക്കില്ല.മദ്യപിച്ച് വണ്ടിയോടിച്ചാൽ പൊലീസ് പിടിക്കുമെന്നായപ്പോൾ ചിലർ ഭാര്യമാരെ ഡ്രൈവിംഗ് പഠിപ്പിച്ചു. എന്നാൽ ഇപ്പോൾ പരിശോധന കുറഞ്ഞപ്പോൾ വീണ്ടും ഭാര്യമാർക്ക് വണ്ടി കൊടുക്കാതെയായി.വാഹനങ്ങളുടെ കളറിലല്ല കാര്യം, അപകടകരമായ രീതിയിലുള്ള ഡെക്കറേഷനുകളാണ് പ്രശ്നമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.റോഡ് നിയമങ്ങൾ കർക്കശമാക്കും. അതിന്റെ പേരിൽ ജനം സർക്കാരിന് എതിരായാൽ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കും.
താനടക്കമുള്ള ആരും ഇനി ഒരു നിയമലംഘനത്തിനും ശുപാർശയുമായി ആരെയും വിളിക്കില്ല. പൊലീസുകാർ ഒരാളുടെയും ശുപാർശ കേൾക്കേണ്ടതില്ലെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പൊലീസിന് ഉറപ്പ് നൽകി. ആറ് മാസത്തിനുള്ളിൽ റോഡ് രംഗത്ത് പ്രകടമായ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.വാഹനങ്ങളെ പ്രണയിച്ച വ്യക്തിയാണ് മമ്മൂട്ടി. ഗൾഫിൽ പോയാലും നാട്ടിലായാലും അദ്ദേഹം വളരെ ഭംഗിയായി വാഹനം ഓടിക്കുന്ന ആളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ പങ്കെടുത്ത പ്രമുഖ നടൻ മമ്മൂട്ടി തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. തന്റെ ഡ്രൈവിങ്ങിന് അത്ര നല്ല പേരില്ലെന്നും ആവേശത്തോടെ സ്പീഡിൽ വാഹനം ഓടിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം മനുഷ്യരുടെ ഭാഗത്തുനിന്നുള്ള പിഴവുകളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. റോഡിൽ പലരും നടക്കുന്നത് സ്വന്തം വീട്ടിൽ നടക്കുന്നത് പോലെയാണെന്നും, നമ്മുടെ സുരക്ഷ മറ്റൊരാളുടെ കയ്യിൽ അല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.