
ദില്ലി : കേരളത്തിൻ്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റാനുള്ള കേരള ബിൽ 2026 ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചകളൊന്നുമില്ലാതെ ശബ്ദവോട്ടോടെയാണ് സഭ ബിൽ പാസാക്കിയത്.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് കേരള എന്നതിന് പകരം ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ കൈക്കൊണ്ട തീരുമാനത്തിന്റെ തുടർച്ചയായാണ് കേന്ദ്ര നടപടി.
സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂൺ 24നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്.
2023ൽ നിയമസഭ പാസാക്കിയ ആദ്യ പ്രമേയത്തിൽ ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും ഭേദഗതി വരുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം ഭേദഗതി വരുത്തിയാൽ മതിയെന്നും എട്ടാം പട്ടികയിൽ മാറ്റം വരുത്തേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തുടർന്ന് ഭേദഗതി ചെയ്ത പുതിയ പ്രമേയം 2024ൽ നിയമസഭ വീണ്ടും പാസാക്കുകയായിരുന്നു. ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയുടെ അംഗീകാരത്തിനും രാഷ്ട്രപതിയുടെ ഒപ്പുവെക്കലിനും ശേഷം പ്രാബല്യത്തിൽ വരും.